തിരുവനന്തപുരം: ( www.truevisionnews.com ) ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കുമെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല. മതമൊരു ഉപകരണമായി ഉപയോഗിക്കുകയാണ് എന്നതാണ് ലോകത്തിന്റെ അനുഭവം. ഭീകരവാദികൾക്ക് മതപരമായ കാഴ്ചപാടില്ല. അന്ധമായ ഭീകരപ്രസ്ഥാനത്തോടുള്ള നിലപാടുകളാണുള്ളത്. അതിനെ എതിർത്ത് പരാജയപ്പെടുത്തണം. പാർടി ഇതിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി കേരള സംസ്ഥാന പ്രസിഡന്റും മേജർ രവിയുമടക്കമുള്ള പലരും ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. ആക്രമികൾക്കെതിരെ കടുത്ത നിലപാടെടുക്കണം.
ഭീകരവാദ നിലപാടുകൾക്കെതിരെ രാജ്യം ഒറ്റകെട്ടായി നിൽക്കണം. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. കശ്മീരില്‍ എല്ലാവരും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് വിട്ടുനിന്നത്.
കശ്മീർ പ്രശ്നത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നിലമ്പൂരിൽ പുതിയ മോഡൽ ഉണ്ടാകും. അൻവറിനെ എൽഡിഎഫ് പുറത്താക്കി. യുഡിഎഫ് മാത്രമാണ് ഇനി അൻവറിന്റെ മാർഗം. എൽഡിഎഫിൽ ഒരാൾ പോലും അൻവറിന് ഒപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
#Humanity #terrorism #CPI(M) #organize #publicmeeting #area #centers #MVGovindan
